ആരുമുണ്ടാകുകയില്ല എന്നത്

മരിച്ചവന്റെ ദേഹം കാണുമ്പോൾ ഉണർന്ന് വരുന്ന ഒരു കുത്തലാണ്
എന്നുമുണ്ടാകുമെന്നു  പറഞ്ഞവർ വാതിലടക്കുമ്പോൾ കത്തുന്ന ഒരു അറ്റവും

ആരുമില്ലായ്ക മുളച്ചു പൊന്തുന്ന കോണുകൾ പലതാണ്
കല്യാണം കഴിഞ്ഞു പോയവളുടെ കുങ്കുമച്ചെപ്പിൽ
മരിച്ചവന്റെ വിളർത്ത ചിരിയിൽ
ഒരിക്കലും ഇൻകമിങ് കാൾ  ആയി മാറാത്ത ചില നമ്പറുകളിൽ
ഒറ്റക്കുകിടന്നു ശീലിക്കാനാജ്ഞാപിക്കുന്ന അച്ഛന്റെ കണ്ണുകളിൽ
അച്ഛനോട് ചേർന്നു മാഞ്ഞു പോകുന്ന അമ്മയുടെ തണുത്ത കൈകളിൽ
പ്രായോഗികതകളിൽ ഊളിയിട്ടു പോയ സൗഹൃദങ്ങളിൽ
നാലു ചുവരിലെ തെളിഞ്ഞു നിൽക്കുന്ന വെളുപ്പിൽ
വരച്ചു വരച്ചിട്ടും അക്ഷരമാകാത്ത തൂലികത്തുമ്പിൽ
മാസിക കൊത്തിവലിച്ചു ബാഗിന്റെ ശവശരീരത്തിനു കാവലിരിക്കുന്ന തീവണ്ടി യാത്രയുടെ കത്തി മൂർച്ചകളിൽ
പുസ്തക മണം  തോല്പിക്കുന്ന അത്തറ് മണങ്ങളിൽ
മാറ്റിവലിക്കാൻ മറ്റൊരുവന്റെ ചുണ്ടുകൾ തിരയുന്ന ബീഡിക്കുറ്റികളിൽ
തലോടുവാൻ ആരുമില്ലാത്ത നിറം മങ്ങിയ വരകളിൽ
ഒറ്റക്കു തണുക്കുന്ന ചായ കപ്പിന്റെ നിലവിളികളിൽ
'എന്തൊരു മഴ' എന്നോ 'എന്തൊരു വെയിലെന്നോ'  ശബ്ദം താഴ്ത്തി മൂളേണ്ട ചിലയിടങ്ങളിൽ
ഒറ്റക്കു നിവർത്തുന്ന പ്രിസ്ക്രിപ്ഷൻ ഷീറ്റുകളിൽ
അമർത്തി പിടിക്കുന്ന തലയിണകളിൽ
ആരെയും ഉണർത്താതെ എഴുന്നേറ്റു വെള്ളമൊഴിക്കുന്ന ചായപ്പാത്രത്തിൽ
നിറം മങ്ങി വരുന്ന പഴങ്ങളുടെ മോർച്ചറിയായി മാറുന്ന ഫ്രിഡ്ജിന്റെ മരവിപ്പിൽ
ഒറ്റക്കു തൂക്കിപ്പിടിക്കുന്ന എണ്ണമില്ലാത്ത സാധനങ്ങളുടെ കവറിൽ
അവനവനു വേണ്ടി മാത്രം ചലിക്കുന്ന മ്യൂസിക് ബട്ടണുകളിൽ
ഉച്ചക്ക്  മുമ്പേ  തണുത്തുറഞ്ഞു  മടുത്ത  കറികളിൽ...
മുഖത്തേക്ക് വലിച്ചിടുന്ന പുതപ്പിന്റെ തണുപ്പിൽ ...
ബാക്കി .............

Comments

Popular posts from this blog

A LOVE-LESS LETTER